ബാലി: രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ലോക റിക്കാർഡിട്ട് ഇന്തോനേഷ്യന്‍ പേസര്‍ ഗെഡെ പ്രിയാന്ദന. അന്താരാഷ്ട്ര ടി20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് പ്രിയാന്ദന.
ചൊവ്വാഴ്ച ബാലിയിൽ കംബോഡിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു പ്രിയന്ദനയുടെ റിക്കാർഡ് നേട്ടം. മത്സരത്തിൽ ഒരേയൊരു ഓവർ മാത്രമാണ് താരം ബൗൾ ചെയ്തത്. ഒരു റൺ മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റും വീഴ്ത്തിയത്.
168 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന കംബോഡിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ നിൽക്കെയാണ് പ്രിയന്ദന തന്റെ 16-ാം ഓവർ ആരംഭിക്കുന്നത്. ആദ്യ മൂന്ന് പന്തുകളിൽ ഷാ അബ്രാർ ഹുസൈൻ, നിർമൽജിത് സിംഗ്, ചന്തൂൺ രത്തനക് എന്നിവരെ പുറത്താക്കി താരം ഹാട്രിക് തികച്ചു.
അടുത്ത പന്തിൽ താരം ഒരു വൈഡ് വഴങ്ങി. അടുത്ത പന്ത് ഡോട്ട് ബോളായിരുന്നു. പിന്നാലെ അഞ്ചാം പന്തിൽ മോംഗ്ദാര സോക്കിനെയും ആറാം പന്തിൽ പെൽ വെണ്ണാക്കിനെയും പുറത്താക്കിയ പ്രിയന്ദന, കംബോഡിയയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഇതോടെ ഇന്തോനേഷ്യ 60 റൺസ് ജയം സ്വന്തമാക്കി. ലസിത് മലിംഗ, റാഷിദ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ ഒരോവറിൽ നാലു വിക്കറ്റുകൾ നേടിയിട്ടുണ്ട്.